Saturday, October 25, 2008

അമ്മ



ജീവിതം കഴുത്തിലിറുകെ കുരുങ്ങിയപ്പോഴാണ്

ജാനകി അത് ഞെട്ടലോടെ തിരിച്ചറിഞ്ഞത്;

പിന്നെ ഒന്നേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം

വേഗം താഴോട്ടു ചാടുക

അത് തന്നെയാണവള്‍ ചെയ്തതും,

എന്നിട്ടും ചാവുദോഷം മാത്രം

എങ്ങുംപോകാതെ കയറിലൊട്ടിക്കിടന്നു.

ഒരു തുണ്ട് ഭൂമിയിലാണ് തുടക്കം

മക്കളെല്ലാം തമ്മില്‍ തമ്മില്‍ അടിയും പിടിയും

അറിയാതതിനുള്ളില്‍ പെട്ടുപോയി,

കുടുങ്ങിപ്പോയി, ഊരാകുടുക്കായിപ്പോയി,

എന്നിട്ടാണ് കാറ്റിലാടി അങ്ങിനെ നിന്നത്.

മക്കള്‍ക്കിപ്പോള്‍ പേടി അതല്ല;

അമ്മയെങ്ങാനും പ്രേതമായി വരുമോ,

സ്വൈര്യക്കേടുണ്ടാക്കി വെക്കുമോ?

അമ്മേടെ കണ്ണീരും വേര്‍പ്പും മോഹവും

ഒരുപാടു പറ്റിപ്പിടിച്ചു കിടപ്പുണ്ടാഭൂമിയില്‍

എന്നാലും കണ്ണായ സ്ഥലമല്ലേ, മോഹവിലയും

ജീവിതം കയറാക്കി കഴുത്തില്‍ കുരുക്കിയിരിക്കാം

എന്നിട്ട് താഴോട്ടും തള്ളിയിരിക്കാം; എന്നാലുമമ്മേ

നിന്റെ മുലപ്പാല്‍ നുണഞ്ഞ ചുണ്ടുകളല്ലെ

നിന്റെ നെഞ്ചത്തെ ചൂടില്‍, താരാട്ടിന്‍ ഈണത്തില്‍

വളര്‍ന്നു വലുതായതല്ലേ, അമ്മ ഓര്‍ക്കണ്ടെ!

ഈ ഓമനപ്പൈതങ്ങളെല്ല്ലാം മറന്നെന്നിരിക്കിലും.

അമ്മേ ചതിക്കല്ലേ, വീണ്ടും വരല്ലേ, ഒന്നു വിറ്റോട്ടെ

നമ്മളീ പൊന്നിന്‍വിലയുള്ള ഭൂമി; നിന്റെ

കണ്ണീരിനുപ്പില്‍ കുതിര്‍ന്നുകിടക്കുമീതുണ്ട്ഭൂമി

അല്ലെങ്കിലും ആര്‍ത്തിയോളം വരുമോ

ചൊല്ലമ്മെ വെറുമൊരു പുക്കില്‍ക്കൊടിബന്ധം.

-----------

Thursday, October 16, 2008

കരിയാത്ത മുറിവ്


നെഞ്ചില്‍ വടുകെട്ടി നില്ക്കുന്ന

ഒരു പഴയ പ്രണയം

ഇപ്പോഴും ചിലപ്പോള്‍

തനിയെ വ്രണമാവുകയും

പൊട്ടിയൊലിക്കുകയും ചെയ്യും;

വല്ലപ്പോഴും ഞാന്‍ തന്നെ

താനേ തലോടി തലോടി

അറിയാതെ എന്നപോല്‍

ഒന്നു നുള്ളിപ്പോളിക്കും

ഒരല്‍പം ചോര പൊടിയും

നല്ലോണം പിന്നെയും നീറും

ഒരു തേങ്ങല്‍ നെഞ്ചില്‍ കുരുങ്ങും

അന്നത്തെ വിടവാങ്ങല്‍

മനസ്സില്‍ കിടന്നൊന്ന് പിടയും

പിന്നെല്ലാം തനിയെ മറയും

വീണ്ടും ഞാന്‍ വരുമെന്ന മട്ടില്‍

ആ വടു മാത്രം നിര്‍ത്തി

മുറിവാകെ ഉണങ്ങിക്കരിയും.

-------

Thursday, October 9, 2008

പൊരുളറിയാത്ത ജീവിതം

ഒരു പരുന്തു എന്തോ കൊത്തി

ആകാശത്തിന്റെ ഉയരത്തിലേക്ക്

പറന്നു പൊങ്ങി;

ഒരു തള്ളക്കോഴി മാത്രം

താഴെ കരഞ്ഞുകൊണ്ടിരിന്നു,

അക്ഷരമില്ലാത്ത ഭാഷയില്‍

ഞാനൊരു കവിത ചമയ്ക്കുകയായിരുന്നു;

അകത്തെവിടെയോ അമ്മ

പഴമ്പുരാണങ്ങളുടെ കെട്ടഴിച്ചു

കറിക്ക് നുറുക്കുന്നുണ്ടാവണം;

ആകാശവിതാനങ്ങള്‍ ഭേദിച്ച്

പരുന്തു എങ്ങോ പോയിമറഞ്ഞു,

തള്ളക്കോഴി വീണ്ടും മുറ്റത്ത്‌

ചികയാന്‍ തുടങ്ങി,

ഭാഷ ധരിക്കാത്ത കവിത

നാണിച്ചു കുതറിയോടി

എങ്ങോ പോയൊളിച്ചു,

കറി ആയിക്കാണണം

അമ്മ ഉണ്ണാന്‍ വിളിക്കുന്നു.

പരുന്തില്‍നിന്ന് കോഴിയിലേക്കും

കവിതയില്‍നിന്ന് ചോറിലേക്കും

ജീവിതം മാത്രമിങ്ങനെ

തട്ടിയും മുട്ടിയും

തപ്പിയും തടഞ്ഞും

അലസമായി, ക്രൂരമായി

മണികണക്കായി

എന്തിനെന്നും ഏതിനെന്നും

അറിയാതെ ജീവിച്ചുതീരട്ടെ.

-------

Saturday, October 4, 2008

'ശിക്ഷാര്‍ഹം'

ഈ പിച്ചച്ചട്ടിക്കകം ശൂന്യം,

മുന്‍പേ പോയവരെല്ലാം കയ്യിട്ടു വാരി,

ഇനിയെന്ത് ചെയ്യും ഞാന്‍?

എറിഞ്ഞുടച്ചേക്കാം; അതിനും മുന്‍പീ-

ത്തെണ്ടിയെ കല്ലെറിഞ്ഞോടിക്കേണം;

ഭിക്ഷാടനം ശിക്ഷാര്‍ഹമല്ലേ !

-------