Thursday, October 9, 2008

പൊരുളറിയാത്ത ജീവിതം

ഒരു പരുന്തു എന്തോ കൊത്തി

ആകാശത്തിന്റെ ഉയരത്തിലേക്ക്

പറന്നു പൊങ്ങി;

ഒരു തള്ളക്കോഴി മാത്രം

താഴെ കരഞ്ഞുകൊണ്ടിരിന്നു,

അക്ഷരമില്ലാത്ത ഭാഷയില്‍

ഞാനൊരു കവിത ചമയ്ക്കുകയായിരുന്നു;

അകത്തെവിടെയോ അമ്മ

പഴമ്പുരാണങ്ങളുടെ കെട്ടഴിച്ചു

കറിക്ക് നുറുക്കുന്നുണ്ടാവണം;

ആകാശവിതാനങ്ങള്‍ ഭേദിച്ച്

പരുന്തു എങ്ങോ പോയിമറഞ്ഞു,

തള്ളക്കോഴി വീണ്ടും മുറ്റത്ത്‌

ചികയാന്‍ തുടങ്ങി,

ഭാഷ ധരിക്കാത്ത കവിത

നാണിച്ചു കുതറിയോടി

എങ്ങോ പോയൊളിച്ചു,

കറി ആയിക്കാണണം

അമ്മ ഉണ്ണാന്‍ വിളിക്കുന്നു.

പരുന്തില്‍നിന്ന് കോഴിയിലേക്കും

കവിതയില്‍നിന്ന് ചോറിലേക്കും

ജീവിതം മാത്രമിങ്ങനെ

തട്ടിയും മുട്ടിയും

തപ്പിയും തടഞ്ഞും

അലസമായി, ക്രൂരമായി

മണികണക്കായി

എന്തിനെന്നും ഏതിനെന്നും

അറിയാതെ ജീവിച്ചുതീരട്ടെ.

-------

1 comment:

മയൂര said...

ജീവിതം ജീവിച്ച് തന്നെ തിർക്കാനുള്ളതാൺ, ചിലപ്പോളിങ്ങിനെയും...

വരികൾ ഇഷ്ടമായി. :)