Saturday, December 13, 2008

സ്വപ്നം കാണുന്ന പെണ്‍കുട്ടി

ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
കിടക്കുന്ന പാവക്കുട്ടിയും
വാ തുറക്കില്ല ഇനിയൊരിക്കലും.
എന്നാല്‍ പെണ്‍കുട്ടി അങ്ങിനെയല്ല,
മരിച്ചിട്ടും അടയാതെപോയ കണ്ണുകളാല്‍
അവള്‍ പറയാതെ പറയുന്നതത്രയും
പൂക്കളെയും ശലഭങ്ങളെയും കുറിച്ചുമാത്രം.
എന്നാലും ഇപ്പോള്‍,
ഈ ഒരിക്കലും ഉണരാത്ത നിദ്ദ്രയില്‍
അവള്‍ക്ക് കാണാന്‍ കഴിയുന്ന
ഒരേ ഒരു സ്വപ്നം, പക്ഷെ,
പിച്ചിചീന്തുന്ന കൈകളും
കാമമുറഞ്ഞ കണ്ണുകളും മാത്രമായിരിക്കും.

--------


Tuesday, November 18, 2008

പാമ്പും പഴവും വീണ്ടും

എന്തോ ഒന്നു,

ഒരു പാമ്പിനെ ഓര്‍മിപ്പിക്കുന്നത്‌

വിഷയാസക്തിപോല്‍ വഴുവഴുപ്പുള്ളത്

മനസ്സിലൂടെ മേലോട്ട് കയറി

കണ്ണുകളില്‍ കത്തിയ ഒരു സൂചന

പഴമെന്നു കരുതി കൊത്തിയെടുത്തു

വേഗത്തില്‍ ഇഴഞ്ഞു പുറത്തു കടന്നു

ഉമ്മറവും മുറ്റവും താണ്ടി

വേലിപ്പഴുതിലൂടെ അപ്രത്യക്ഷമായി

അടുത്തവീട്ടിലെ ശാന്ത എവിടെനിന്നോ

ഒരു പഴവും കടിച്ചുകൊണ്ട്

വേലിക്കപ്പുറത്ത്‌ നിന്നു

നാണിച്ചെന്നപോല്‍

മുഖംകുനിച്ചു ചിരിച്ചു.

---------





Thursday, November 13, 2008

പ്രതിഫലനം

കണ്ണാടിയുണ്ടെനിക്കൊന്നു സ്വന്തമായി
മാന്ത്രികകണ്ണാടിയാണെന്ന് ആര്‍ക്കുമറിയില്ല പക്ഷെ;
ഞാന്‍ നോക്കുമ്പോഴൊക്കെ എന്നോട് ചൊല്ലും,
"കാണാന്‍ നല്ല ചേലുണ്ട് കേട്ടോ"
അത് കേട്ടുകേട്ടിരിക്കാന്‍ കൊതിയാണെങ്കിലും
ഈയിടെയായിട്ടെനിക്കുണ്ടൊരു സംശയം
ഈ കണ്ണാടിമാന്ത്രികന്‍ ആള് 'ഗേ'യാണോ ?
അല്ലെങ്കിലൊരുപക്ഷെ,
ആത്മരതിയുടെ നിരന്തര പീഡനം ഏറ്റേറ്റു
മാന്ത്രികന്‍ വശംകെട്ടു ചൊല്ലുന്നതാകുമോ?
അറിയില്ലെനിക്ക്‌, അടിവരയിട്ടു പറയട്ടെ,
പക്ഷെ, കാലമതല്ലേ, സ്വന്തം നിഴലിനെപ്പോലും
വിശ്വസിക്കാന്‍ കഴിയാത്തൊരു കാലം

സ്വവര്‍ഗരതിയുടെ പുഷ്കലകാലം!
---------

Sunday, November 9, 2008

രണ്ടു കുഞ്ഞുകവിതകള്‍

നിയമം

അരാജകത്വം കൊടികുത്തി വാഴും നാട്ടില്‍

കാല്‍നടക്കാരന്‍ മാത്രം

റോഡിനു ഇടതുവശം ചേര്‍ന്നേ നടക്കാവു!

----------

അക്കാദമീയം

പണ്ടെന്നോ ആനപ്പുറത്ത് കയറിയ

തഴമ്പില്‍ തലോടി എഴുത്തുകാരന്‍ മൊഴിഞ്ഞു,

"അക്കാദമീയം മഹാശ്ചര്യം; കിരീടം വേറെയും കിട്ടുമോ

പുണൃവാളനെ ഇനിയും തള്ളിപറയുകില്‍!"

-------

Monday, November 3, 2008

നിയോഗം

നല്ലോണം എഴുതിത്തെളിഞ്ഞൊരു.

'കുഞ്ഞുണ്ണി'യാകാന്‍ മോഹിച്ചതാണ് ഞാന്‍;

തെളിയാത്തെഴുത്തില്‍ കാല്‍തെന്നിവീണൊരു,

'മണ്ണുണ്ണി'യാകാനാണെന്‍ നിയോഗം.

--------

Saturday, October 25, 2008

അമ്മ



ജീവിതം കഴുത്തിലിറുകെ കുരുങ്ങിയപ്പോഴാണ്

ജാനകി അത് ഞെട്ടലോടെ തിരിച്ചറിഞ്ഞത്;

പിന്നെ ഒന്നേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം

വേഗം താഴോട്ടു ചാടുക

അത് തന്നെയാണവള്‍ ചെയ്തതും,

എന്നിട്ടും ചാവുദോഷം മാത്രം

എങ്ങുംപോകാതെ കയറിലൊട്ടിക്കിടന്നു.

ഒരു തുണ്ട് ഭൂമിയിലാണ് തുടക്കം

മക്കളെല്ലാം തമ്മില്‍ തമ്മില്‍ അടിയും പിടിയും

അറിയാതതിനുള്ളില്‍ പെട്ടുപോയി,

കുടുങ്ങിപ്പോയി, ഊരാകുടുക്കായിപ്പോയി,

എന്നിട്ടാണ് കാറ്റിലാടി അങ്ങിനെ നിന്നത്.

മക്കള്‍ക്കിപ്പോള്‍ പേടി അതല്ല;

അമ്മയെങ്ങാനും പ്രേതമായി വരുമോ,

സ്വൈര്യക്കേടുണ്ടാക്കി വെക്കുമോ?

അമ്മേടെ കണ്ണീരും വേര്‍പ്പും മോഹവും

ഒരുപാടു പറ്റിപ്പിടിച്ചു കിടപ്പുണ്ടാഭൂമിയില്‍

എന്നാലും കണ്ണായ സ്ഥലമല്ലേ, മോഹവിലയും

ജീവിതം കയറാക്കി കഴുത്തില്‍ കുരുക്കിയിരിക്കാം

എന്നിട്ട് താഴോട്ടും തള്ളിയിരിക്കാം; എന്നാലുമമ്മേ

നിന്റെ മുലപ്പാല്‍ നുണഞ്ഞ ചുണ്ടുകളല്ലെ

നിന്റെ നെഞ്ചത്തെ ചൂടില്‍, താരാട്ടിന്‍ ഈണത്തില്‍

വളര്‍ന്നു വലുതായതല്ലേ, അമ്മ ഓര്‍ക്കണ്ടെ!

ഈ ഓമനപ്പൈതങ്ങളെല്ല്ലാം മറന്നെന്നിരിക്കിലും.

അമ്മേ ചതിക്കല്ലേ, വീണ്ടും വരല്ലേ, ഒന്നു വിറ്റോട്ടെ

നമ്മളീ പൊന്നിന്‍വിലയുള്ള ഭൂമി; നിന്റെ

കണ്ണീരിനുപ്പില്‍ കുതിര്‍ന്നുകിടക്കുമീതുണ്ട്ഭൂമി

അല്ലെങ്കിലും ആര്‍ത്തിയോളം വരുമോ

ചൊല്ലമ്മെ വെറുമൊരു പുക്കില്‍ക്കൊടിബന്ധം.

-----------

Thursday, October 16, 2008

കരിയാത്ത മുറിവ്


നെഞ്ചില്‍ വടുകെട്ടി നില്ക്കുന്ന

ഒരു പഴയ പ്രണയം

ഇപ്പോഴും ചിലപ്പോള്‍

തനിയെ വ്രണമാവുകയും

പൊട്ടിയൊലിക്കുകയും ചെയ്യും;

വല്ലപ്പോഴും ഞാന്‍ തന്നെ

താനേ തലോടി തലോടി

അറിയാതെ എന്നപോല്‍

ഒന്നു നുള്ളിപ്പോളിക്കും

ഒരല്‍പം ചോര പൊടിയും

നല്ലോണം പിന്നെയും നീറും

ഒരു തേങ്ങല്‍ നെഞ്ചില്‍ കുരുങ്ങും

അന്നത്തെ വിടവാങ്ങല്‍

മനസ്സില്‍ കിടന്നൊന്ന് പിടയും

പിന്നെല്ലാം തനിയെ മറയും

വീണ്ടും ഞാന്‍ വരുമെന്ന മട്ടില്‍

ആ വടു മാത്രം നിര്‍ത്തി

മുറിവാകെ ഉണങ്ങിക്കരിയും.

-------

Thursday, October 9, 2008

പൊരുളറിയാത്ത ജീവിതം

ഒരു പരുന്തു എന്തോ കൊത്തി

ആകാശത്തിന്റെ ഉയരത്തിലേക്ക്

പറന്നു പൊങ്ങി;

ഒരു തള്ളക്കോഴി മാത്രം

താഴെ കരഞ്ഞുകൊണ്ടിരിന്നു,

അക്ഷരമില്ലാത്ത ഭാഷയില്‍

ഞാനൊരു കവിത ചമയ്ക്കുകയായിരുന്നു;

അകത്തെവിടെയോ അമ്മ

പഴമ്പുരാണങ്ങളുടെ കെട്ടഴിച്ചു

കറിക്ക് നുറുക്കുന്നുണ്ടാവണം;

ആകാശവിതാനങ്ങള്‍ ഭേദിച്ച്

പരുന്തു എങ്ങോ പോയിമറഞ്ഞു,

തള്ളക്കോഴി വീണ്ടും മുറ്റത്ത്‌

ചികയാന്‍ തുടങ്ങി,

ഭാഷ ധരിക്കാത്ത കവിത

നാണിച്ചു കുതറിയോടി

എങ്ങോ പോയൊളിച്ചു,

കറി ആയിക്കാണണം

അമ്മ ഉണ്ണാന്‍ വിളിക്കുന്നു.

പരുന്തില്‍നിന്ന് കോഴിയിലേക്കും

കവിതയില്‍നിന്ന് ചോറിലേക്കും

ജീവിതം മാത്രമിങ്ങനെ

തട്ടിയും മുട്ടിയും

തപ്പിയും തടഞ്ഞും

അലസമായി, ക്രൂരമായി

മണികണക്കായി

എന്തിനെന്നും ഏതിനെന്നും

അറിയാതെ ജീവിച്ചുതീരട്ടെ.

-------

Saturday, October 4, 2008

'ശിക്ഷാര്‍ഹം'

ഈ പിച്ചച്ചട്ടിക്കകം ശൂന്യം,

മുന്‍പേ പോയവരെല്ലാം കയ്യിട്ടു വാരി,

ഇനിയെന്ത് ചെയ്യും ഞാന്‍?

എറിഞ്ഞുടച്ചേക്കാം; അതിനും മുന്‍പീ-

ത്തെണ്ടിയെ കല്ലെറിഞ്ഞോടിക്കേണം;

ഭിക്ഷാടനം ശിക്ഷാര്‍ഹമല്ലേ !

-------

Tuesday, September 30, 2008

ജാതകഫലം

'പ്രസിദ്ധനായീടും ഇവന്‍

പേര് 'കു'യില്‍ തുടങ്ങിയാല്‍'

ജാതകം ഗണിച്ചയാള്‍ അങ്ങിനെ ചൊല്ലിപോല്‍.

പ്രവചനം തരിമ്പും പിഴച്ചില്ല,

'കു'യില്‍ തന്നെ തുടങ്ങി പേരും പ്രസിദ്ധിയും.

-------

Thursday, September 25, 2008

നടേണ്ട വിത്ത്

നട്ടാല്‍ കുരുക്കാത്ത നുണവിത്തൊരെണ്ണം
തരിശായ മനസ്സില്‍ ഞാന്‍തന്നെ നട്ടത്
നന്നായി മുളച്ചല്ലൊ, പൂവും കായും വന്നല്ലോ
എല്ലാരും കണ്ടോ,നല്ലോണം കണ്ടോ,
നട്ടാല്‍ കുരുക്കുന്ന കല്ലുവെച്ചീ നുണ
വിത്തേറെയുണ്ടിനി, വാങ്ങിക്കൊള്ളുവിന്‍;
പണ്ടു മനസ്സാക്ഷി ഉണ്ടായിരുന്നിടം -
മുഴുവനും തരിശായി വെറുതെ കിടപ്പല്ലെ
അവിടെല്ലാം പന പോലെ വളരുമീ -
ജാതി മേല്‍ത്തരം വിത്തുകള്‍;

വന്നാട്ടെ വേഗം,ഇല്ലെങ്കില്‍ തീരുമേ !
-------

Sunday, September 21, 2008

കാഴ്ച്ചയുടെ സത്യം

കണ്ണുണ്ടായാല്‍ മാത്രം മതിയോ,
കാണാതിരിക്കാനും പഠിക്കേണ്ടെ?
കണ്ടത് കണ്ടില്ലെന്നും -
കാണാത്തത് കണ്ടെന്നും നടിക്കാതെ
കാഴ്ച്ചയുണ്ടെന്നു പറയാന്‍ കഴിയുമോ?

കേട്ടാല്‍ കളിയാക്കി ചിരിക്കില്ലെ ആളുകള്‍!!!
------------

Tuesday, September 16, 2008

ഇഷ്ടപ്പെട്ട പുസ്തകം



ഇഷ്ടപ്പെട്ടു ,


പുസ്തകം വാങ്ങി ;


നൊബേല്‍ ജേതാവിന്റെതാ !


ഷോകേസില്‍ വെക്കാം


എല്ലാര്‍ക്കും കാണാലോ


വായിക്കാന്‍ ആര്‍ക്കുണ്ട് സമയം ?

-------

Wednesday, September 10, 2008

പ്രണയത്തിന്റെ കാര്‍ഡിയോളജി

ഒരു കാര്‍ഡിയോളജിസ്റ്റാം എന്നോടോ
പങ്കുവെക്കുന്നു നിന്റെ ഈ ഹൃദയവേദന;
വിഷമിക്കേണ്ടതില്ല ചൊല്ലട്ടെ ഞാന്‍,
വെറുമൊരു ബൈപാസ്സില്‍ തീര്‍ത്തിടാം

ലോലമാം നിന്‍ ഹൃദയത്തിന്‍ വ്യഥകളത്രയും.
---------

Wednesday, August 27, 2008

വീണ്ടും കണ്ടപ്പോള്‍

കണ്ണുകള്‍ കലങ്ങിയോ,
മൌനത്തിന്‍ കൊളുത്തിട്ട നൊമ്പരം
ഒന്നു മിന്നി പൊലിഞ്ഞുവോ
ആ കണ്മിഴികോണിലെവിടെയോ ?

ഒരു പക്ഷെ വെറുതെ തോന്നിയതാകാം;
എങ്കിലും നില്ക്കുന്നില്ല ഞാന്‍,
വിതുമ്പും മനസ്സിന്റെ കുശലത്തിനായിനി;
തിരിഞ്ഞു നടക്കട്ടെ, കൌമാരത്തിന്‍
പഴയ ചാപല്ല്യമായ്ത്തന്നെ നില്‍ക്കട്ടെ
ആ പ്രണയത്തിന്‍ നീറും ഓര്‍മ്മകള്‍ .
-------





Wednesday, July 9, 2008

ഞാന്‍ അറിയാത്ത ഞാന്‍

എനിക്കറിയാത്ത പല കാര്യങ്ങളിലൊന്ന്
ഞാന്‍ തന്നെ എന്നറിഞ്ഞതില്‍പ്പിന്നെ -
അറിയാന്‍ ഞാന്‍ ശ്രമിച്ചില്ലിതേവരെ വേറൊന്നും

എന്നിട്ടും അറിയില്ലിന്നും ശരിയായി
ഞാന്‍ തന്നെയാണോ ഈ ഞാനെന്ന്.

Sunday, June 29, 2008

ഗൌളിശാസ്ത്രം

ഉത്തരത്തിന്‍ കീഴെ
അന്നം തേടി നടന്നെന്നാല്‍
എല്ലാത്തിനും ഉത്തരമുള്ളവരുടനെ പറയും,
'ഉത്തരം താങ്ങുന്ന പല്ലിയെ കണ്ടോ!'
അബദ്ധത്തിലെങ്ങാനും ഒന്നു ചിലച്ചാലോ
അത് ജ്യോത്സൃമായും ഭവിച്ചിടും
എവിടെയെങ്കിലും ഒന്നു വീണാല്‍ തീര്‍ന്നു,
എല്ലാ ദുര്‍ലക്ഷണങ്ങളും തലയിലായിടും!
പല്ലിയല്ലെ, അതിനും ഇര തേടണ്ടേ,
ഇണയെ വിളിക്കണ്ടേ, തെന്നിയാല്‍ വീഴെണ്ടേ?
ആരറിയുന്നു പല്ലിതന്‍ പങ്കപ്പാട്!
സാരമില്ലെന്നേ, വെറുതെയാണെങ്കിലും
ഒരു ശാസ്ത്രശാഖ മുഴുവന്‍ തുറന്നില്ലേ
പാവമീ പല്ലിയുടെ പേരിലായി.
അതിനാല്‍ മടിയാതെ നമുക്കു നമിച്ചീടാം
ഈ ഇരുകാലിപേക്കോലങ്ങളെ നിത്യവും.

------

Saturday, June 28, 2008

ശവമടക്ക്

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പിന്നെ,
നഷ്ടപ്പെടാനുള്ള കൈവിലങ്ങ്, അതും മൂത്ത്
വിപ്ലവം തോക്കിന്‍കുഴലിലൂടെയും വന്നു;
ഓ, കൂടെ കുറെ ദാര്‍ശിനികവ്യഥയും
എന്തൊക്കെ പുകിലായിരുന്നു പണ്ട്‌!
എല്ലാം കഴിഞ്ഞു ഇപ്പോഴവരെല്ലാം
ശീതികരിച്ച മുറിയിലിരിന്നു പങ്കുവെക്കുന്നൂ
പ്രഷറിന്‍, കൊലെസ്ടറോളിന്‍, റിയലെസ്റ്റേറ്റിന്‍
ബിനാമിയിന്‍ കരളലിഞ്ഞുപോം പുതുവ്യഥ.
അന്ത്യകുര്‍ബാനയില്‍ ചേരണം, നാട്ടിന്റെ
ശവമാടക്കിന്ന് വന്നതാണെല്ലാവരും.
റീത്തെത്തിയില്ലത്രെ കുഴിമാടത്തില്‍ പോകുവാന്‍

അതിന് മുന്‍പിത്തിരി ഗ്ലിസറിനും വാങ്ങിക്കേണം,
പണ്ടെത്തെപ്പോലെ വരേണ്ടേ നാട്ടിനായി
തോന്നുമ്പോള്‍ തോന്നുമ്പോള്‍ മുതല കണ്ണീരുമായി!
------

Tuesday, June 24, 2008

അനശ്വര പ്രണയം

'നമ്മുടെ പ്രണയം കാലാതിവര്‍ത്തിയായി-
നില്ക്കും, ഈ നദിയെപ്പോലെ, നിശ്ചയം'
പ്രണയപരവശന്‍ കാമുകന്‍ മൊഴിഞ്ഞൂ
പ്രിയ പ്രണയിനിതന്‍ കാതില്‍ മെല്ലെ.
ശുഷ്ക്കിച്ച് മൃതപ്രായയായി നില്ക്കും-

പുഴയെ നോക്കി ചെറുമന്ദഹാസം തൂകി,
തരുണിയും ചൊന്നാനപ്പോള്‍,
'കാണുമോ ആയുസ്സിതിന്, ഈ വര്‍ഷം കൂടെയെങ്കിലും!'

------

Sunday, June 22, 2008

ഒരു പനിയുടെ ചരിത്രം

ചുട്ടുപൊള്ളുന്ന പനിയായിരുന്നു
കിടന്ന കിടപ്പിലായിരുന്നു
ബോധത്തിനും അബോധത്തിനും ഇടയിലായിരുന്നു
സന്നിയാകുമോ എന്ന പേടിയായിരുന്നു
വടിയായിപ്പോകുമോ എന്ന ആധിയായിരുന്നു
പിന്നെങ്ങിനെ രക്ഷപ്പെട്ടു എന്ന് ചോദിച്ചാല്‍
അപ്പോഴേക്കും പ്രണയത്തെ പടിയടച്ച് -
പിണ്ടംവെച്ചു പുറത്തേക്കെറിഞ്ഞില്ലേ,
ശുദ്ധികലശം നടത്തി മോചിപ്പിച്ചില്ലേ
ഒരു പ്രേമകുരുക്കില്‍നിന്നും മനസ്സിനെ എന്നേക്കുമായി...
അവളെത്തന്നെ കെട്ടിയതോടെ തീര്‍ന്നില്ലേ

എല്ലാ പ്രണയവും പ്രണയജ്വരവും!
------

Saturday, June 21, 2008

ഒരു ചെറിയ സംശയം

പത്തു പേരാണ് തീര്‍ത്ഥയാത്രക്ക് പോയത്,

ഒരാളെ ബാക്കി വന്നുള്ളൂ അപകടത്തില്‍

ബോധം വീണപ്പോളയാള്‍ ഇങ്ങനെ പറഞ്ഞു,

'ദൈവമാണെന്നെ കാത്തുരക്ഷിച്ചത് സംശയമില്ല.'

പോയവരുടെ ബന്ധുക്കള്‍ക്കും സംശയമില്ലായിരുന്നു,

'എല്ലാം വിധി, അവിടുന്ന് തരുന്നു

അവിടുന്ന് തന്നെ തിരിച്ചെടുക്കുന്നു, ആര്‍ക്കെന്തു ചെയ്യാം ,

എങ്കിലും പുണ്യം ചെയ്തവരത്രെ അവരെല്ലാം

സ്വര്ഗവാതിലേകാദശി ദിവസം തന്നെ പോയല്ലോ.'

കേട്ടുനിന്നവരിലോരാള്‍ക്ക് മാത്രം ചെറിയൊരു സംശയം,

'സത്യത്തില്‍ ദൈവം എന്താണ് ചെയ്തത്?'

-------

Friday, June 20, 2008

ഇരുട്ടിന്റെ വെളിച്ചം






ഇരുട്ടാണ്‌, പക്ഷെ വൈദ്യുതിനിയന്ത്രണം

അനൌദ്യോഗികമായത് കാരണം,

വെളിച്ചമുണ്ടെന്നു എല്ലാവരും

നടിച്ചേ പറ്റൂ , ഇല്ലങ്കില്‍

രാജ്യദ്രോഹമാകും വകുപ്പ്;

ഇല്ലാത്ത വെളിച്ചത്തില്‍

കണ്ണ് കാണും പോലെ കാണിച്ചു

ഇരുട്ടിനെ അവരെല്ലാം പറ്റിച്ചേ!

എന്നിട്ട് ചിരിക്കും പോലെ കരഞ്ഞേ!

ഔദ്യോഗികമല്ലാത്ത ഇരുട്ട്

അതുകണ്ട് പൊട്ടിച്ചിരിച്ചേ,

കൊടുവാളിന്റെ മൂര്‍ച്ചയുള്ള കൊലച്ചിരി.

-------


















Thursday, June 19, 2008

കണ്ണായതും കരടായതും

കണ്ണായതെല്ലാം പറിച്ചെടുത്തു
കരിങ്കണ്ണ് കിട്ടാതിരിക്കാന്‍ ഒളിച്ചുവെച്ചു.
കണ്ണ് തട്ടാതെ വളര്‍ന്നതിനാല്‍,
കണ്ണിലെ കരടായി മാറിയെല്ലാം.
------

Wednesday, June 18, 2008

ശിഷ്യന്‍ ദൈവം

ദൈവത്തിലയാള്‍ക്ക് വലിയ വിശ്വാസമാണ്,
ഇടക്കിടെ കാണും, കാണിക്കയര്‍പ്പിക്കും.
എന്നിട്ടും പണിക്കര്‍ ഗണിച്ചു പറഞ്ഞു,
'ഒരു കാല് കാണുന്നു, ഈ രക്ഷ കെട്ടിക്കോളൂ
ഇനി ഇല്ല കുഴപ്പവും, എന്ത് വന്നാലും ഞാനുണ്ടല്ലോ'
ആ പത്താമത്തെ രക്ഷയാണ് തക്ഷകനായത്,
ക്ഷിപ്ര മരണമായിരുന്നു, രാജകീയമാം നീലയായിരുന്നു നിറം.
വീണ്ടും പണിക്കര്‍ ഗണിച്ചു പറഞ്ഞു,
'നല്ല മരണം, നേരെ സ്വര്‍ഗത്തിലേക്കാ, ഇനി
ഈ രക്ഷ ശവത്തിന്റെ കൈയ്യില്‍ കെട്ടൂ ,
സ്വര്‍ഗവാതില്‍ എളുപ്പമായി താനേ തുറന്നിടും.'
ഇതു കേട്ട ദൈവം താഴേക്കിറങ്ങി വന്നന്നേരമേ
പണിക്കരെ കുമ്പിട്ടു വലംവെച്ചു, ദീനനായി

കൈകൂപ്പി തൊഴുതുണര്‍ത്തിച്ചു,
'അവിടത്തെ മുന്‍പില്‍ ഞാനാരുമല്ല,
കൃപാനിധെ, ഗ്രഹിച്ചാലുമെന്‍ സിംഹാസനം;
അടിയനിനി ഇവിടത്തെ വിനീതനാമൊരു ശിഷ്യന്‍ മാത്രം.'
-------





















Tuesday, June 17, 2008

ദാര്‍ശനിക സമസ്യ

എന്നും ദാര്‍ശിനികമായിരുന്നെന്റെ പ്രശ്നം.
റബ്ബറിന് വില ഇനിയും കൂടുമോ
മകന് സ്വാശ്രയം വാങ്ങാന്‍ പാങ്ങുണ്ടാകുമോ
ഭരിക്കും പാര്‍ട്ടിയെ താങ്ങി നടന്നാല്‍ കാര്യം നടക്കുമോ
ഭൂമി ഇടപാടില്‍ ഭാവിയുണ്ടാകുമോ
ആത്മീയം കൊണ്ടു നടന്നാലെളുപ്പം കാശുണ്ടാകുമോ
താരരാജാക്കന്മാര്‍ വിടുപണി ചെയ്യുകില്‍ സമ്പന്നനാകുമോ
രണ്ടുവരി കവിത എഴുതീടുകില്‍ സാംസ്കാരിക നായകനാകുമോ
ഈവിധം ദാര്‍ശനികമാം പ്രതിസന്ധിയിലാണ് ഞാന്‍ കൂട്ടരെ
ചൊല്ലുമോ നിങ്ങളിലാരെങ്കിലും പ്രതിവിധി
നീറും സമസ്യകള്‍ക്കെല്ലാം ഒരറ്റമൂലിയായി ?
--------


Monday, June 16, 2008

എന്നെ നീ നെഞ്ചോടു ചേര്‍ക്കുക

മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു പോയൊരു പ്രണയമുണ്ടെനിക്ക്,
അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം -
കാമം വിവസ്ത്രയായി പുതപ്പിനടിയില്‍
നിര്‍ലജ്ജം ശരീരത്തോടൊട്ടി കിടന്നേക്കും; എന്നിട്ട്,
വാര്ധക്ക്യത്തിന്‍ ധ്വജഭംഗം കളിയാക്കി ചിരിക്കും
ചിന്തയില്‍ യുവത്വത്തിന്‍ കുസൃതികള്‍
ഓരോന്നായി മേലോട്ടു കൊണ്ടുപോയി
താഴെക്കുരുട്ടിവിട്ടാര്‍ത്തുവിളിക്കും
ആനന്ദസായൂജ്യമടയും മട്ടില്‍.
ജീവിതമെന്നാലിങ്ങനെയാണൊ, വെറും
അര്‍ത്ഥ കാമങ്ങളില്‍ മുഴുകി കഴിയാണോ,
എന്റെ കര്‍മങ്ങളെന്നെ പാഴ്മരമാക്കിയോ
അറിയാന്‍ ഞാനാളല്ല, എങ്കിലും ചൊല്ലട്ടെ,
ഭോഗങ്ങള്‍ മാത്രം തേടുമൊരു യയാതിയായി
ക്ഷണികമോഹങ്ങള്‍ തന്‍ മായികവലയത്തില്‍
എരിഞ്ഞുതീരുകയാണോ ജീവിതത്തിന്‍ ധര്‍മ്മം.
ആയിരിക്കില്ല, എങ്കിലീ ദിവ്യമാം പ്രണയമുണ്ടാകുമോ,

ഉറഞ്ഞുപോയെന്നിരിക്കാം ഒരു വേള സഫലമായില്ലെന്നും വരാം,
എന്നാലുമപേക്ഷിക്കട്ടെ ഞാന്‍, നിന്നോടെന്‍ ദൈവമേ,
കൂടെ ശയിക്കുമീ കാമത്തെ അകറ്റിയെന്നുള്ളിലെ ദിവ്യമാം
പ്രണയത്തെ ഉണര്‍ത്തുക; എന്നെ നീ നെഞ്ചോടു ചേര്‍ക്കുക.
-------












Sunday, June 15, 2008

ഭാഗ്യം വരുന്ന നാളെ

നാളെയാണ്, നാളെയാണ്;
ഭാഗ്യം വില്‍ക്കുന്നവന് തീര്‍ച്ചയാണ്
ഭാഗ്യാന്വേഷിക്കും അതറിയാം.
എന്നാലും നാളെ ഭൂമി ഉണ്ടാകുമോ,
ആ സംശയം തീര്‍ക്കാനല്ലേ
കവടി നിരത്താന്‍ ജോത്സ്യനെ കാണുന്നത്.
-------

Saturday, June 14, 2008

രണ്ടു കുഞ്ഞു കവിതകള്‍

ഉപവാസം

ഉപവസിക്കാനാണ് യോഗം,

അത് കൊണ്ടല്ലേ, റിലേ നിരാഹാരത്തില്‍

ഞാന്‍ മാത്രം പുറത്ത്.

------

ഉപായം

ഉപായമില്ലാതതുകൊണ്ടാണ്

ഞാന്‍ ഊമയായി മാറിയത്;

ഊണു തരപ്പെടെണ്ടെ.

--------

Friday, June 13, 2008

ഒരാഗോളവല്ക്കരണ പ്രതിസന്ധി

കൌശലം കുറുക്കനും,
മൌനം വിദ്വാനും
ഭൂഷണമത്റെ;
എന്നിട്ടുമിപ്പോള്‍
എങ്ങിനെയാണ്
മൌനം കുറുക്കനും
കൌശലം വിദ്വാനും
തമ്മില്‍ വെച്ചുമാറിയത്‌;
ഒരു പരസ്പര സഹായ -
അവാര്‍ഡ് ദാനം പോലെ,
ഇത്ര ലളിതമായി.
ഓ, ഈ ആഗോളവല്ക്ക്റ്ത -
വന നശീകരണത്തിന്റെ
ഓരോ പെറ്റിബൂര്‍ഷ്വ പ്രതിസന്ധി.
------

Thursday, June 12, 2008

ചിരി

ചിരിക്കുന്നോരെല്ലാം ചിരിച്ചോട്ടെ നന്നായി;
കളിയാക്കിയാണെങ്കില്‍പ്പോലും, പുഛഭാവത്തില്‍-
നോക്കി ചിറികോട്ടാതിരുന്നാല്‍ മതി.
ചിരിക്കല്ലെങ്കിലും അര്‍ത്ഥം പലതല്ലേ,

ആളും തരവും നോക്കിയാണത്രെ
ചിരിയുടെ അര്‍ത്ഥം തിരയുന്നത്.
അതുകൊണ്ടാണ് കോപ്പില്ലാത്തോന്‍
ചിരിക്കുമ്പോള്‍ വ്യര്‍ത്ഥമാകുന്നതും
ചിത്തത്തില്‍ ഭേദം വരുന്നതും, അനര്‍ത്ഥമാകുന്നതും,
ഒന്നു ചിന്തിക്കുകില്‍ ശരിയല്ലേ; ചിരിച്ചു-
തോല്പ്പിക്കുവാന്‍ കഴിയാത്തോന്‍
എന്തിന് വെറുതെ ചിരിക്കണം.
-------





Wednesday, June 11, 2008

താന്ത്രിക പ്രേതം

ഉച്ചാടനക്രിയതന്‍ മൂര്‍ധന്യത്തില്‍,
കൂട് വിട്ടു കൂട് മാറും വിദ്യ-
സ്വായത്തമാം പ്രേതം
താന്ത്രികവര്യനില്‍ ചാടിക്കയറി,
പിന്നെ ഇതേവരെ താഴെ ഇറങ്ങിയില്ലത്റെ;
ഇപ്പോള്‍ പ്രേതമായി വരുന്നതും
പ്രേതത്തെ ഒഴിപ്പിക്കുന്നതും
ഒഴിയാബാധയായി നില്ക്കുന്നതും,
ആഭിചാരക്രിയതന്‍ കുലഗുരു
താന്ത്രിക പ്രേതം.

Tuesday, June 10, 2008

അനുഗ്രഹവര്‍ഷം

സൈക്ലോണടിച്ചത്രേ എവിടെയോ,
കുറെയെണ്ണത്തിനെ തെക്കൊട്ടെടുത്തത്രേ;
ദൈവം 'കരുണാമയന്‍' തന്നെയാണെടോ
നമ്മുടെ കഷ്ടങ്ങള്‍ കണ്ടു മനസ്സലിഞ്ഞല്ലയോ
ഈവിധം അനുഗ്രഹം ഇടക്കിടെ ചൊരിവത്;
ബക്കറ്റുമായിറങ്ങീടാം നമുക്കിനി,
പിരിവിന്റെ നാളുകള്‍ തുടങ്ങീ തകൃതിയായ്.
-------

Monday, June 9, 2008

കത്തിയുടെ മൂര്‍ച്ച

തേച്ചുമിനുക്കി അരംകൂട്ടി വെച്ചു
ഒറ്റകൊത്തിനു തീര്‍ക്കാന്‍ പാകത്തില്‍;
ഇനിയാണ് വിഷമം,
ആരുടെ കഴുത്തിലാണ് വെട്ടേണ്ടത്
ആരുടെ പള്ളക്കാണ് കയറ്റേണ്ടത്
അതത്ര കാര്യമാക്കാനില്ല,
ആദ്യം വരുന്നവനാരായാലും കൊടുക്കാം,
കത്തിയുടെ മൂര്‍ച്ച അറിയുന്നതിലാണ് കാര്യം;
മറ്റൊന്നും ആലോചിക്കേണ്ട,
ഒരു കാര്യവുമില്ലാതെ ചാകാന്‍ പോകുന്നവന്,
കത്തിക്കരം കൂടിയോ കുറഞ്ഞോ എന്നറിയേണ്ടല്ലോ;
അല്ലെങ്കിലും മൂര്‍ച്ച,
കത്തി വീശു്ന്നയാളിന്റെമാത്രം കാര്യമല്ലേ,
കലാകാരന്‍റെ ആവിഷ്കാരസ്വാതന്ത്ര്യം പോലെ
ലളിതമായി മനസ്സിലാകുന്നത്.
-------

Sunday, June 8, 2008

വിപ്ലവത്തിന്റെ പരിണാമം

എഴുതുകുത്തിലൂടെയാണ് തുടങ്ങിയത്
വെട്ടിയതെല്ലാം അക്ഷരപ്പിശക് മാത്രവും,
ആശയസമരത്തിന് ആയുധം വേണ്ടല്ലോ.
ഇപ്പോള്‍ കാലം മാറിമറിഞ്ഞു പോയില്ലേ,
എഴുത്തെല്ലാം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായില്ലേ
അതിനാശയം വേണ്ടാതതുകൊണ്ട്, പണി
വെട്ടും കുത്തും മാത്രമായില്ലേ,
മനസ്സും ബുദ്ധിയും കല്ലിച്ചു
ആയുധപ്പുരകളായി മാറിയില്ലേ;
അതുകൊണ്ട് ഇപ്പോള്‍ വലിയ തെറ്റില്ല
പണ്ടത്തെ പോലൊന്നുമല്ല കാര്യങ്ങള്‍ കേട്ടോ,
തല വെട്ടിയല്ലേ പെഴച്ചുപോകുന്നത്
ആശയം ആമാശയം കൊണ്ടുപോയില്ലേ
അല്ലെങ്കിലും എല്ലാ വിപ്ലവങ്ങളും
അവസാനം ചെന്നെത്തുന്നത് ആമാശയത്തിലാണല്ലോ.